കല്‍പ്പറ്റ: പെരുന്തട്ടയില്‍ ജനവാസ മേഖലയിലിറങ്ങിയപുലി പശുക്കിടാവിനെ കൊന്നു. കാക്കഞ്ചേരി വിജയന് തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുക്കിടാവിനെയാണ് പുലി പിടിച്ചത്. ഇന്നെല പുലര്‍ച്ചെയാണ് സംഭവം.
രാവിലെ വീട്ടുകാര്‍ തൊഴുത്തില്‍ എത്തിയപ്പോഴാണ് പശുക്കിടാവ് ചത്തത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തൊഴുത്തിലും പരിസരത്തും പതിഞ്ഞ കാല്‍പ്പാടുകള്‍ പരിശോധിച്ച വനപാലകരാണ് പശുക്കിടാവിനെ ആക്രമിച്ചത് പുലിയാണെന്നു സ്ഥിരീകരിച്ചത്.
പുലി സാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശവാസികള്‍ക്ക് വനം വകുപ്പ് ജാഗ്രതാനിര്‍ദേശം നല്കി. പെരുന്തട്ടയിലും സമീപപ്രദേശങ്ങളിലും അടുത്തകാലത്ത് വന്യമൃഗശല്യം വര്‍ധിച്ചതായി നാട്ടുകാര്‍ പറഞ്ഞു.
ജീവനും സ്വത്തിനും ഭീഷണിയായപുലിയെ കൂടുവച്ച് പിടിക്കണമെന്നും രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കാമറകള്‍ സ്ഥാപിച്ചും പ്രത്യേക വനപാലക സംഘത്തെ നിയോഗിച്ചും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് വനം അധികൃതര്‍ അറിയിച്ചു.